തിരുവനന്തപുരം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന വിവാദ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്.
സമൂഹത്തിൽ വർഗീയ ചേരിതിരിവും വിദ്വേഷവും ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു.സതീശന്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് പോസ്റ്റിൽ ആരോപിച്ചിരുന്നു. ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും ബിജെപി ആരോപിച്ചു.
കോൺഗ്രസ് ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്ന് പരിഹസിച്ച കുറിപ്പിനൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പാണക്കാട് തങ്ങളുടെ കാൽ പിടിക്കുന്ന തരത്തിലുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രനും രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. ’22-നേക്കാളും താഴെയാണ് ഭായീ 63′ എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടിയ കോൺഗ്രസിനേക്കാൾ, 22 സീറ്റുകൾ മാത്രം നേടിയ മുസ്ലിം ലീഗിനാണ് യുഡിഎഫിൽ കൂടുതൽ സ്വാധീനമെന്നും ലീഗിന്റെ താല്പര്യപ്രകാരമാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും സുരേന്ദ്രൻ വിമർശിച്ചു.
പത്ത് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് 18-ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് രാഷ്ട്രീയ വടംവലികൾ പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നത്.
