പ്രായമേറുന്തോറും ശരീരഭാരം കൂടുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് കരുതി പലരും നിസ്സാരമായി തള്ളിക്കളയാറുണ്ട്. എന്നാൽ അനിയന്ത്രിതമായി ഭാരം ഉയരുന്നത് കേവലം പ്രായത്തിന്റെ മാറ്റങ്ങൾ കൊണ്ടുമാത്രമല്ല, ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാകുന്നത് കൊണ്ടും ആകാം. ആധുനിക ജീവിതശൈലിയിൽ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന വില്ലനാണ് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ.
തൈറോയ്ഡ് ഗ്രന്ധി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം (Hypothyroidism). ഇത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ (Metabolism) മന്ദഗതിയിലാക്കുകയും, ഭക്ഷണം കൃത്യമായി ദഹിക്കാതെ ശരീരത്തിൽ കൊഴുപ്പും വെള്ളവും കെട്ടിക്കിടന്ന് പെട്ടെന്ന് ഭാരം കൂടാൻ കാരണമാകുകയും ചെയ്യുന്നു.
പ്രധാന ലക്ഷണങ്ങൾ
ശരീരഭാരം കൂടുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി ശ്രദ്ധയിൽപ്പെട്ടാൽ തൈറോയ്ഡ് പരിശോധന നടത്തുന്നത് ഉചിതമായിരിക്കും:
-
കാരണമില്ലാത്ത ക്ഷീണവും തളർച്ചയും: ആവശ്യത്തിന് ഉറങ്ങിയാലും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുക.
-
അമിതമായ തണുപ്പ് അനുഭവപ്പെടുക: ചുറ്റുമുള്ളവർക്ക് സാധാരണ താപനിലയാണെങ്കിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ഉപാപചയ നിരക്ക് കുറയുന്നത് കൊണ്ടാണ്.
-
ചർമ്മത്തിലെയും മുടിയിലെയും മാറ്റങ്ങൾ: ചർമ്മം വരളുക, അമിതമായ മുടി കൊഴിച്ചിൽ.
-
മാനസിക മാറ്റങ്ങൾ: കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വിഷാദം, ഓർമ്മക്കുറവ്.
-
പേശികളിലെയും സന്ധികളിലെയും വേദന: അനാവശ്യമായി പേശികളിൽ വിറയലും വേദനയും അനുഭവപ്പെടുക.
-
ക്രമരഹിതമായ ആർത്തവം: സ്ത്രീകളിൽ ആർത്തവചക്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
-
രക്തപരിശോധന: അനാവശ്യമായി ഭാരം കൂടുന്നുണ്ടെന്ന് തോന്നിയാൽ T3, T4, TSH അളവുകൾ അറിയാൻ ഉടൻ തന്നെ ഒരു രക്തപരിശോധന (Thyroid Profile) നടത്തുക.
-
കൃത്യമായ മരുന്ന് ഉപയോഗം: തൈറോയ്ഡ് കണ്ടെത്തിയാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ മരുന്നുകൾ കഴിക്കുക.
-
പോഷകാഹാരം: തൈറോയ്ഡ് ഉള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, മധുരം എന്നിവ ഒഴിവാക്കി നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീനും ഉൾപ്പെടുത്തുക.
-
വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും ലളിതമായ വ്യായാമങ്ങളോ നടപ്പൊ ശീലമാക്കുന്നത് ഉപാപചയ നിരക്ക് ഉയർത്താൻ സഹായിക്കും.
ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളെപ്പോലും കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.
