കഠിനമായ വ്യായാമങ്ങളിൽ മുഴുകുകയും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകാതെ വീണ്ടും വ്യായാമത്തിലേക്ക് തിരിയുകയും ചെയ്യുന്ന പ്രവണത ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുന്നു. ‘ഓവർട്രെയിനിങ് സിൻഡ്രോം’ (Overtraining Syndrome) എന്നറിയപ്പെടുന്ന ഈ അവസ്ഥ ശരീരത്തിൽ വീക്കവും കടുത്ത ഹോർമാൺ അസന്തുലിതാവസ്ഥയും സൃഷ്ടിക്കും. ഇത് പേശീഭാരം കുറയ്ക്കാനും അനാവശ്യമായി ശരീരത്തിൽ കൊഴുപ്പ് അടിയാനും കാരണമാകും. അതിനാൽ വ്യായാമത്തിന്റെ ദൈർഘ്യവും തീവ്രതയും കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഓവർട്രെയിനിങ് സിൻഡ്രോമിന്റെ പ്രധാന ലക്ഷണങ്ങൾ:
-
നിരന്തരമായ ക്ഷീണവും ഉറക്കമില്ലായ്മയും: അമിത വ്യായാമം മൂലം അഡ്രിനാലിൻ ഉത്പാദനം കൂടുകയും ഹൃദയമിടിപ്പ് ഉയർന്നുനിൽക്കുകയും ചെയ്യുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.
-
പേശികൾക്കും സന്ധികൾക്കും ഉണ്ടാകുന്ന പരിക്കുകൾ: ഇടയ്ക്കിടെയുണ്ടാകുന്ന മുറിവുകളും മാറാത്ത പേശീവേദനയും ഇതിന്റെ ലക്ഷണമാണ്.
-
വിശപ്പില്ലായ്മയും അസാധാരണ ഭക്ഷണക്രമവും: മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിശപ്പ് കുറയ്ക്കുകയും പ്രത്യേകതരം ഭക്ഷണങ്ങളോട് അമിതമായ ആഗ്രഹം ഉണ്ടാക്കുകയും ചെയ്യുന്നു.
-
മാനസിക സമ്മർദ്ദവും വിഷാദവും: അമിത വ്യായാമം ഉത്കണ്ഠ, അസ്വസ്ഥത എന്നിവ വർദ്ധിപ്പിക്കുകയും ദീർഘകാല വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യും.
-
സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങൾ: ആർത്തവചക്രത്തിന്റെ താളം തെറ്റാനും, ബോൺ ഡെൻസിറ്റി (എല്ലുകളുടെ സാന്ദ്രത) കുറയാനും ഇത് കാരണമാകുന്നു.
-
അഭൂതപൂർവ്വമായ ഭ്രാന്തമായ അഭിനിവേശം: എത്ര വ്യായാമം ചെയ്താലും മതിയാകാത്ത തോന്നലും ഫിറ്റ്നസിനോടുള്ള അമിത ആസക്തിയും ഇതിന്റെ ഭാഗമാണ്.
വ്യായാമം തുടങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ:
-
വിദഗ്ധോപദേശം തേടുക: ഹൃദയസംബന്ധമായോ മറ്റ് ആന്തരിക അവയവങ്ങൾക്കോ ലക്ഷണങ്ങളില്ലാത്ത പ്രശ്നങ്ങളുണ്ടാകാം. അതിനാൽ ഒരു ഡോക്ടറുടെയോ ഫിറ്റ്നസ് ട്രെയിനറുടെയോ നിർദേശത്തോടെ മാത്രം വ്യായാമം ആരംഭിക്കുക.
-
പതിയെ തുടങ്ങാം: നടത്തം, ഓട്ടം, നീന്തൽ അല്ലെങ്കിൽ ജിം വ്യായാമങ്ങൾ എന്നിവ ഘട്ടംഘട്ടമായി മാത്രം തീവ്രത കൂട്ടുക. തുടക്കക്കാർ ചെറിയ വ്യായാമങ്ങളിലൂടെ പേശികളെ വഴക്കമുള്ളതാക്കുക.
-
ആരോഗ്യസ്ഥിതി വിലയിരുത്തുക: പ്രഷർ, തൈറോയ്ഡ്, PCOD, ഫൈബ്രോയിഡ്, നടുവേദന, മുട്ടുവേദന എന്നിവയുള്ളവർ ഭാരമുയർത്തുന്നതുപോലുള്ള കഠിന വ്യായാമങ്ങൾ ഒഴിവാക്കണം.
-
വാം-അപ്പും പ്രീ-വർക്ക്ഔട്ട് ഭക്ഷണവും: വ്യായാമത്തിന് മുൻപ് 5 മിനിറ്റ് വാം-അപ്പും സ്ട്രെച്ചിങ്ങും നിർബന്ധമാണ്. മധുരമില്ലാത്ത പഴമോ ജ്യൂസോ പ്രീ-വർക്ക്ഔട്ട് ഭക്ഷണമായി കഴിക്കാം.
-
ആവശ്യത്തിന് വിശ്രമവും വെള്ളവും: വ്യായാമത്തിനിടയിൽ ക്ഷീണം തോന്നിയാൽ നിർബന്ധമായും വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക.
