മലബാറിലെ കർക്കിടക ചികിത്സാരീതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രാദേശികമായി ലഭ്യമായ പച്ചമരുന്നുകൾ കൊണ്ട് തയ്യാറാക്കുന്നതുമായ ഔഷധക്കൂട്ടുകളാണ് കർക്കിടക മരുന്ന് അഥവാ ഔഷധക്കഞ്ഞി എന്നറിയപ്പെടുന്നത്. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനും, വാതരോഗങ്ങൾ തടയുന്നതിനുമായി തലമുറകളായി മലബാർ പ്രദേശങ്ങളിൽ ഈ ആയുർവേദ പാരമ്പര്യം പിന്തുടർന്നു വരുന്നു.
മഴയും തണുപ്പുമുള്ള കർക്കടക മാസത്തിൽ മലയാളികളുടെ പരമ്പരാഗത ആരോഗ്യ രഹസ്യങ്ങളിലൊന്നാണ് ഔഷധക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി. പച്ചമരുന്നുകളുടെ നീരും ഔഷധഗുണമുള്ള ഞവര അരിയും ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് ഉന്മേഷം നൽകാനും ഏറെ ഉത്തമമാണ്. ഇത് എങ്ങനെയെന്ന് നോക്കാം:
ആവശ്യമായ ചേരുവകൾ:
-
ഞവര അരി (തവിടു കളയാത്തത്): 100 ഗ്രാം
-
ഉലുവ, ആശാളി, ജീരകം: 5 ഗ്രാം വീതം
-
കാക്കവട്ട്: ഒന്നിന്റെ പകുതി
-
പശുവിൻ നെയ്യ്: അര സ്പൂൺ
-
തേങ്ങാപ്പാൽ, ഉപ്പ്: ആവശ്യത്തിന്
-
പച്ചമരുന്നുകൾ: മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ.
തയ്യാറാക്കുന്ന വിധം:
-
മരുന്ന് നീര് തയ്യാറാക്കൽ: മുകളിൽ പറഞ്ഞിരിക്കുന്ന പച്ചമരുന്നുകൾ നന്നായി കഴുകി, തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.
-
വേവിച്ചെടുക്കൽ: എടുത്തുവെച്ചിരിക്കുന്ന പച്ചമരുന്ന് നീരിന്റെ ആറിരട്ടി അളവിൽ ഞവര അരി ഇട്ട് അതിലേക്ക് ആശാളി, ജീരകം, ഉലുവ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇത് ചെറുതീയിൽ വെച്ച് വേവിക്കുക.
-
കാക്കവട്ട് ചേർക്കൽ: കഞ്ഞി പകുതി വേവാകുമ്പോൾ അരച്ചുവെച്ചിരിക്കുന്ന കാക്കവട്ട് ചേർത്ത് വീണ്ടും നന്നായി വേവിക്കുക.
-
തേങ്ങാപ്പാൽ ചേർക്കൽ: അരി പൂർണ്ണമായി വെന്തു കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്ക്കാവുന്നതാണ്. (താല്പര്യമില്ലാത്തവർക്ക് തേങ്ങാപ്പാലും നെയ്യും ഒഴിവാക്കാവുന്നതാണ്).
-
താളിക്കൽ: മറ്റൊരു പാത്രത്തിൽ അര സ്പൂൺ പശുവിൻ നെയ്യ് ചൂടാക്കി അതിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് കഞ്ഞിയിലേക്ക് ചേർക്കുക.
രുചികരവും ഔഷധഗുണങ്ങൾ നിറഞ്ഞതുമായ കർക്കടകക്കഞ്ഞി തയ്യാർ!
#karkkadakam#immunitybooster
