ഏത് നാട്ടിൽ ചെന്നാലും ഒരു നേരമെങ്കിലും ഒരു ഉരുള ചോറ് കഴിച്ചില്ലെങ്കിൽ മലയാളികൾക്ക് തൃപ്തിയാകില്ല. എന്നാൽ കൊളസ്ട്രോളും ഷുഗറും പ്രഷറുമൊക്കെ പേടിച്ച് ഇന്ന് അരിയാഹാരം പലരും പൂർണ്ണമായി അകറ്റിനിർത്തിയിരിക്കുകയാണ്. എന്നാൽ സാധാരണ വെള്ളയരിക്ക് പകരം തവിടരി അല്ലെങ്കിൽ തവിടോടുകൂടിയ അരി തിരഞ്ഞെടുത്താൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെള്ളയരി, മട്ട അരി എന്നിവയെ അപേക്ഷിച്ച് നിരവധി ആരോഗ്യഗുണങ്ങൾ തവിടരിക്ക് ഉണ്ട്. വെള്ളയരി അല്ലെങ്കിൽ പച്ചരി പോലുള്ളവ ഉപയോഗിച്ച് ഉണ്ടാക്കുന്ന അരിയാഹാരങ്ങളിൽ കലോറി കൂടുതലായതുകൊണ്ട് തന്നെ ഭാവിയിൽ പ്രമേഹമോ ഹൃദ്രോഗ സാധ്യതയോ ഉണ്ടാകാം. വിപണിയിൽ ലഭിക്കുന്ന മട്ട അരിയിലാകട്ടെ വെറും മൂന്ന് ശതമാനം മാത്രമാണ് തവിട് അടങ്ങിയിരിക്കുന്നത്, അതിൽ പലതിലും കൃത്രിമ നിറം കലർത്താനും സാധ്യതയുണ്ട്. എന്നാൽ അരിയുടെ പുറംതൊലിയായ തവിട് (Bran Layer) നീക്കം ചെയ്യാതെ സംസ്കരിച്ചെടുക്കുന്ന തവിടരിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ, എസൻഷ്യൽ ഫാറ്റി ആസിഡുകൾ എന്നിവ തവിടരിയിൽ സമൃദ്ധമാണ്. വിറ്റാമിൻ ബി1 (തയമിൻ), ബി3, ബി6, വിറ്റാമിൻ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, അയൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പർ, സെലിനിയം, മാൻഗനീസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. ഇവ ശരീരത്തിന്റെ ഊർജോത്പാദനം വർധിപ്പിക്കാനും നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ളമേറ്ററി, ആന്റികൊളസ്ട്രോൾ ഗുണങ്ങളുള്ള തവിടരി രക്തസമ്മർദം നോർമലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും ഏറെ ഉത്തമമാണ്.
#health#food#habit#
