Image credits - ANI
ഐപിഎല്ലിൽ അതിവേഗം 100 സിക്സറുകൾ പറത്തുന്ന ബാറ്റർമാരുടെ പട്ടികയിൽ പുതിയ റെക്കോർഡുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാർ. ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 100 സിക്സറുകൾ നേടുന്ന മൂന്നാമത്തെ ബാറ്ററാകാൻ പാട്ടിദാറിനായി. ടൂർണമെന്റിൽ നേരിട്ട 933-ാം പന്തിലാണ് പാട്ടിദാർ സിക്സറുകളിൽ സെഞ്ച്വറി തികച്ചത്. എന്നാൽ, ഈ പട്ടികയുടെ തലപ്പത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻതാരം ആന്ദ്രെ റസലുമായി താരതമ്യം ചെയ്യുമ്പോൾ പാട്ടിദാർ ഇപ്പോഴും ബഹുദൂരം പിന്നിലാണ്. നേരിട്ട വെറും 657 പന്തുകളിൽ നിന്നാണ് ആന്ദ്രെ റസൽ ഐപിഎല്ലിൽ 100 സിക്സറുകൾ എന്ന അവിശ്വസനീയ റെക്കോർഡ് സ്വന്തമാക്കിയത്.
നിലവിൽ സിക്സർ വേഗതയിൽ ഒന്നാമൻ റസൽ തന്നെയാണെങ്കിലും ഈ റെക്കോർഡിന് അധികം ആയുസ്സുണ്ടാകില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം, രാജസ്ഥാൻ റോയൽസിന്റെ 15 വയസുകാരൻ താരം വൈഭവ് സൂര്യവംശിയുടെ ബാറ്റ് ആ റെക്കോർഡിലേക്ക് അതിവേഗമാണ് പാഞ്ഞടുക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 61.1 ഓവറുകളാണ്, അതായത് 367 പന്തുകളാണ് താരം ക്രീസിൽ നിലകൊണ്ടത്. ഈ കുറഞ്ഞ പന്തുകൾക്കിടയിൽ തന്നെ 77 തവണയാണ് വൈഭവ് സൂര്യവംശി പന്ത് നിലംതൊടാതെ ബൗണ്ടറി കടത്തിയത്. ശരാശരി കണക്കുകൾ പരിശോധിച്ചാൽ ഓരോ അഞ്ച് പന്തിനിടയിലും ഒരു സിക്സർ വീതം ഈ യുവതാരം നേടുന്നുണ്ട്. നിലവിലെ ഈ തകർപ്പൻ ഫോം തുടരുകയാണെങ്കിൽ ആന്ദ്രെ റസലിന്റെ റെക്കോർഡ് തകർക്കാൻ വൈഭവിന് ഇനി പരമാവധി 110 പന്തുകൾ കൂടി മാത്രം നേരിട്ടാൽ മതിയാകും എന്ന് ചുരുക്കം. വരും മത്സരങ്ങളിൽ തന്നെ ഈ വമ്പൻ റെക്കോർഡ് വൈഭവ് തന്റെ പേരിൽ കുറിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
